റേഡിയേഷനും മൊബൈലും പിന്നെ ഞാനും

റേഡിയേഷനും മൊബൈലും പിന്നെ ഞാനും

 '' മോർച്ചറിയിൽ നിന്നെടുത്ത്‌  നേരെ റേഡിയേഷൻ അടിപ്പിച്ചിങ്ങ് തരും .. ഇതൊക്കെ കഴിച്ചാണ് ഇക്കണ്ട രോഗമൊക്കെ വരുന്നത്. "

ഫ്രിഡ്ജിൽ നിന്ന് ഭക്ഷണം എടുത്ത് മൈക്രോവേവിൽ വെച്ച് ചൂടാക്കുന്നത് കണ്ട്  ഒരമ്മാവൻ നെടുവീർപ്പിട്ടതാണ്‌.  ഞാൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ   പ്രഫസർ ഒരു പാട്ട് ഞാൻ ലാപ്ടോപ്പിൽ നിന്നു മൊബൈലിലേക്ക് ബ്ലൂടൂത്ത് വഴി അയക്കുന്നത് കണ്ട് ഇത്ര വലിയ ഫയൽ റേഡിയേഷനായി പരക്കുന്ന അപകടം മണത്തറിഞ്ഞ് ചായ കുടിക്കാനെന്നും പറഞ്ഞ് ഡിപ്പാർട്ട്മെന്റ് ൽ നിന്ന് തന്നെ ഇയ്യിടെ രക്ഷപെട്ടു കളഞ്ഞു.

എന്താണീ റേഡിയേഷൻ ?

കുപ്പി ചില്ലും കുണ്ടാമണ്ടിയും ഗുണ്ടായിസവുമായ് നടന്ന ഒരു പഴയ ചങ്ങാതിയെ ഇയ്യിടെ കുറെക്കാലം  കഴിഞ്ഞ് കണ്ടപ്പോൾ Positive Energy Consultant എന്നാണ് സ്വയം പരിചയപ്പെടുത്തിയത്. Positive energy എന്നൊക്കെ നിത്യ വ്യവഹാരത്തിൽ ഒരു ഫീൽ ഗുഡ് സയൻസ് പോലെ നമ്മൾ എടുത്ത് പ്രയോഗിക്കാറുണ്ട്. എന്നാൽ ഭൗതികമായ അർത്ഥത്തിൽ ഊർജപ്രവാഹം റേഡിയേഷൻ ആണ്.

 തരംഗങ്ങളായോ അതിവേഗകണികകളായോ നീങ്ങുന്ന ഊർജമാണ് റേഡിയേഷൻ . ശബ്ദമായോ പ്രകാശമായോ ചൂടായോ ഒക്കെ ഇത് സ്വയം വെളിപ്പെടുത്താം.   ഫിസിക്സിലേക്ക്‌ അധികം കടക്കുന്നില്ല.

ആരോഗ്യപരമായ കാഴ്ചപ്പാടിൽ റേഡിയേഷനെ ionizing എന്നും Non ionizing എന്നും തിരിക്കാം. ശരീരത്തിലെ കോശങ്ങളെ അസ്ഥിരപ്പെടുത്താൻ മാത്രം ശക്തമല്ലാത്ത ഊർജമുള്ളവയാണ് Non ionizing എങ്കിൽ അവയെ അസ്ഥിരപ്പെടുത്താൻ ശേഷിയുള്ളവയാണ് ionizing radiation. സ്വാഭാവികമായും ionizing radiation കൂടുതൽആപൽക്കരമാണ്

അൾട്രാവയലറ്റ് ഫിൽട്രേഷൻ ഫിലിം ഉള്ള കുടകൾ.!

മൈക്രോ വേവ് ,  ശബ്ദതരംഗങ്ങൾ ,ഇൻഫ്രാ റെഡ് എന്നിവയൊക്കെയാണ് Non-ionizing radiation . നിത്യജീവിതത്തിൽ റേഡിയോ, ടി.വി പ്രസരണങ്ങൾ, മൊബൈൽ ഫോൺ ,ബ്ലൂടൂത്ത്, വൈഫൈ, മൈക്രോ വേവ് അവൻ എന്നിങ്ങനെ നാനാജാതിയാണിവയുടെ സ്രോതസുകൾ.

കോശങ്ങളെ അസ്ഥിരപെടുത്തിയില്ലെങ്കിലും അവയിൽ ചലനങ്ങൾ ഉണ്ടാക്കുവാൻ ഇവയിൽ ചിലതിന് ശേഷിയുണ്ട് .മിക്കപ്പോഴും ചൂട് ഉൽപാദിപ്പിക്കുയാണ് ഇതിന്റെ പരിണത ഫലം. ഇതാണ് മൈക്രോ വേവ് ഒവനിൽ ഒക്കെ ഉപയോഗപ്പെടുത്തുന്നത്. അടിസ്ഥാന ജീവതന്മാത്രകളിൽ വ്യതിയാനം വരുത്താൻ അവയ്ക്ക് കഴിയില്ല.

സൂര്യപ്രകാശത്തിലൂടെ ഭൂമിയിൽ പതിക്കുന്ന അൾട്രാവയലറ്റ് രശ്മികളിൽ മോശമല്ലാത്ത പങ്കും ഭൂമിയിലെത്തപ്പെടാതെ അന്തരീക്ഷത്തിലെ ഓസോൺ പാളി പോലുള്ളവ  അരിച്ചു നീക്കുന്നു. ശേഷിച്ച അൾട്രാവയലറ്റ് രശ്മികൾ അടിസ്ഥാന ജീവതന്മാത്രയായ DNA യെ അസ്ഥിരപ്പെടുത്താൻ ശേഷിയുള്ളവയാണ്, പ്രത്യേകിച്ചും ത്വക്കിലെ കോശങ്ങളിൽ. അത്തരം വ്യതിയാനങ്ങൾ തിരുത്തുവാൻ മിക്കവർക്കും ജന്മനാ കഴിവുണ്ട്. ജനിതകമായ കാരണങ്ങളാൽ അതില്ലാത്തവർക്ക് ത്വക്കിൽ അർബുദത്തിന് ഇത് കാരണമാകാം.

*നാവു കൊണ്ട് പെയിന്റടിച്ച് മരണം വാങ്ങിയവർ *

വാച്ചിന്റെ ഡയൽ ശ്രദ്ധിച്ചിട്ടില്ലേ. പ്രത്യേകിച്ച് പഴയ വാച്ചുകൾ. ഇരുട്ടത്തും കാണാവുന്ന രീതിയിൽ തിളങ്ങുന്നവ. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിലെ പല വാച്ച് കമ്പനികളും ഡയലിൽ റാഡോൺ കലർന്ന പെയ്ന്റ വളരെ നേർത്ത പോയൻറുള്ള ബ്രഷുകൾ കൊണ്ട് പെയ്ന്റ് ചെയ്യുകയായിരുന്നു പതിവ്. ബ്രഷ് അതിനുതകുന്ന രീതിയിൽ കൂർത്ത അഗ്രമുള്ളതാക്കാൻ അതിന്റെ നാരുകൾ നാക്ക് കൊണ്ട് നനക്കുകയാണ് അവർ ചെയ്തിരുന്നത്. അവരിൽ നല്ല ശതമാനത്തിനും താടിയെല്ലിന് കാൻസർ പോലുള്ള മാരക രോഗങ്ങൾ പിടിപെട്ടു.  ശക്തമായ അയോണിക വികരണ ശേഷിയുള്ള കെമിക്കലുകളായിരുന്നു പെയ്ന്റുകളിലെന്ന് പിന്നീട് കണ്ടെത്തി .

ജപ്പാനിലെ അണുബോംബ് അക്രമണത്തിൽ രക്ഷപെട്ടവർ, ബിക്കിനി ദ്വീപുകളിൽ നടത്തിയ സ്ഫോടനങ്ങൾ  ,ചെർണോബിൽ ആണവ നിലയത്തിലുണ്ടായ അപകടം തുടങ്ങിയ പഠനങ്ങളിലൂടെയൊക്കെയാണ് റേഡിയേഷൻ മനുഷ്യനിലുണ്ടാക്കുന്ന ആഘാതം  തിരിച്ചറിഞ്ഞത്.

അടിസ്ഥാന ജീവ തന്മാത്രയായ DNA യിൽ വ്യതിയാനങ്ങളും ആഘാതങ്ങളും വഴി  അർബുദം പോലുള്ള ഗുരുതരാവസ്ഥകൾക്ക്  കാരണമാകാനുള്ള ഊർജശേഷിയുള്ളവയാണ് ionizing radiation.Xray, ഗാമാ കിരണങ്ങൾ  എന്നീ വികിരണങ്ങളാണ് ഇവയിൽ ശരീരത്തെ സംബന്ധിച്ച്  പ്രധാനം.

എത്ര ഡോസ്, ശരീരത്തിന്റെ എത്ര ഭാഗം  വികിരണത്തിന് വിധേയമാകുന്നു, എത്ര വേഗതയിൽ ഇത് സംഭവിക്കുന്നു തുടങ്ങിയ പല ഘടകങ്ങളെ ആശ്രയിച്ചാണ് ഇവ ഉണ്ടാക്കുന്ന അപകടം.
 
ഇന്ന് മനുഷ്യന് വിധേയമാകേണ്ടി വരുന്ന അയണേസിങ്ങ് റേഡിയഷനിൽ നല്ലൊരു പങ്ക് വൈദ്യശാസ്ത്രപരമായ ചികിത്സയുടെയും രോഗനിർണയത്തിന്റെയും ഭാഗമാണ്. x ray, CT പോലുള്ള രോഗ നിർണയ സങ്കേതങ്ങൾ കൃത്യമായ സുരക്ഷാ കവചങ്ങളിലൂടെയും അപകടകരമായ റേഡിയേഷൻ ഡോസിന് താഴെ ഉപയോഗിക്കുകയും വഴി സുരക്ഷിതത്വം ഉറപ്പു വരുത്തുന്നു. ഗർഭാവസ്ഥ പോലുള്ള  സാഹചര്യങ്ങളിൽ മിക്കപ്പോഴും ഇവ ചെയ്യാറുമില്ല .

കാൻസർ ചികിത്സാലയങ്ങളിൽ പലപ്പോഴും സാധാരണക്കാർക്ക് മനസിലാകാൻ 'ലൈറ്റ് അടിക്കുന്ന സ്ഥലം ' എന്നെഴുതിയ വഴികാട്ടികൾ കാണാം. ഇതും റേഡിയേഷൻ ആണ്. കാൻസർ ചികിൽസയുടെ ഭാഗമായി അർബുദ ബാധിത കോശങ്ങൾക്ക് നാശം വരുത്തുക എന്നതാണ് ഇവിടെ ഉദ്ദേശം. റേഡിയേഷൻ വികിരണം നടത്തുന്ന ഐസോടോപ്പുകൾ ന്യൂക്ലിയർ മെഡിസിനിൽ രോഗ നിർണയത്തിനും ചികിൽസയ്ക്കും ഉപയോഗിക്കുന്നു. കൃത്യമായ ഉപയോഗത്തിലൂടെ ഒഴിവാക്കാനാവാത്ത അവസരങ്ങളിൽ കഴിയുന്നത്ര ആഘാതം  ഒഴിവാക്കി ഇവ ഉപയോഗിക്കുന്നത് ഒരു ശാസ്ത്രമായി തന്നെ വികസിച്ചിരിക്കുന്നു.

ഇതൊന്നുമല്ലാതെ തന്നെ പ്രകൃതിയിൽ തന്നെ ബഹിരാകാശത്ത് നിന്നും സൂര്യോർജത്തിൽ നിന്നും ചെറിയ തോതിൽ അയണിക് റേഡിയേഷൻ ഉണ്ട്. കഴിക്കുന്ന ഭക്ഷണത്തിൽ വ്യത്യസ്തമായ തോതിൽ വികിരണം ഉണ്ടാവാം. മണ്ണിൽ യുറാനിയം, തോറിയം തുടങ്ങിയ റേഡിയേഷൻ വികിരണശേഷിയുള്ള രാസ വസ്തുക്കൾ വ്യത്യസ്ഥമായ അളവിൽ പലസ്ഥലങ്ങളിൽ ഉണ്ട്. ഉയർന്ന അളവിൽ തോറിയം മണലിൽ ഉളള തീരദേശങ്ങൾ കേരളത്തിലുണ്ട്.

  * കറ്റാർ വാഴ സത്തും മൊബൈലും *

നാലു മൊബൈൽ ഫോണിന് നടുവിൽ നിർത്തി റിങ്ങ് ചെയ്താൽ ഓന്തിന് നിറം മാറാനുള്ള കഴിവ് നഷ്ടപ്പെടുമെന്നും മൊബൈൽ കൊണ്ട് ചോളം പുഴുങ്ങാമെന്നും ഒക്കെ നാം പല വീഡിയോകളും നാം കണ്ടിട്ടുണ്ട്.

മൊബൈൽ ഫോൺ ഉപയോഗിച്ചാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടോ.?

ചൂട് ഉണ്ടാകുകയും അത് ത്വക്ക് വലിച്ചെടുക്കുകയും ചെയ്യും എന്നതാണ് പെട്ടെന്നുണ്ടാകാവുന്ന പ്രശ്‌നം .നമ്മൾ ഇന്ന് ഉപയോഗിക്കുന്ന മൊബൈലിന്റെ കൂടിയ പവർ ഒരു വാട്ടിനടുത്താണ് . ഇത് മൂലം തലയോട്ടിയിലും മസ്തിഷ്കത്തിലും ഉണ്ടാവുന്ന താപ വർദ്ധന 0.1° cനടുത്ത് മാത്രമാണ്. അത് കൊണ്ട് ഒരു പ്രശ്നവും സംഭവിക്കാൻ വഴിയില്ല.. (അപ്പോ ചോളം പൊരിച്ച് കാണിച്ചതോ.. തനിയെ ശ്രമിച്ച് നോക്കൂ, ചോളവും പൊരിയില്ല, ജ്യോതിയും വരില്ല!).. നിങ്ങൾ മൊബൈൽ മാഫിയയുടെ ആള് ആണെന്നല്ലേ.. പറയട്ടെ .

ഇനി ദീർഘകാല പ്രശ്നങ്ങൾ.. തലയോട് ചേർത്ത് വെച്ച് വളരെയധികം നേരം ഉപയോഗിക്കുന്ന മൊബൈലുകൾ തലച്ചോറിൽ കാൻസറിനു കാരണമാകില്ലേ? ഇതിനെക്കുറിച്ച് പഠിക്കാൻ ആർക്ക് താൽപര്യം. .എല്ലാം കുമ്പിടി (കച്ചവടം!) യുടെ ആൾക്കാരല്ലേ.അതാദ്യത്തെ മിഥ്യാ ധാരണ .. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലും മറ്റ് ആരോഗ്യ കേന്ദ്രങ്ങളുടെ മേൽനോട്ടത്തിലും മറ്റുമായ് പല രാജ്യങ്ങളിലായ് എണ്ണിയാലൊടുങ്ങാത്ത പഠനങ്ങൾ നടക്കുന്നു. അവയിൽ ഒന്നിൽ പോലും മൊബൈൽ ഉപയോഗം കാൻസർ ഉണ്ടാക്കുമെന്ന് സംശയമില്ലാതെ തെളിഞ്ഞിട്ടില്ല. എന്നാൽ മൊബൈൽ ഫോണുകളുടെ ഉപയോഗം ക്രമാതീതമായി വർദ്ധിക്കുകയും പതിനഞ്ചു വർഷത്തെയെങ്കിലും തുടർപഠനങ്ങളുടെ അഭാവം പ്രതികൂല ഘടകമാകുകയും ചെയ്യുമ്പോൾ  കാൻസർ സാധ്യതക്ക് കൂടുതൽ പഠനങ്ങൾ ആവശ്യമുണ്ട് എന്ന നിഗമനമാണുചിതം. കാൻസർ സാധ്യത തള്ളിക്കളയാനാവാത്ത ക്ലാസ് 2 B യി ലാ ണ് മൊബൈൽ ഫോൺ ഉൾപ്പെടുത്തിയിരിക്കുന്നത് (അമിത ആശങ്ക വേണ്ട .  കാൻസർ ഉണ്ടാക്കുമെന്ന് കൃത്യമായ തെളിവുകൾ ഇല്ലാത്തതും മൃഗങ്ങളിലെ പഠനങ്ങൾ സംശയാതീതമായ ഫലങ്ങളിലെത്താതതവയുമാണ് 2 B. കറ്റാർ വാഴ ( Aloe vera ) സത്തും ഡീസലുമൊക്കെ ഈ ഗണത്തിലുണ്ട്!)

പെരുമാറ്റത്തിലും, ഉറക്കത്തിനെയും കുട്ടികളുടെ മാനസിക വികസനത്തിലുമൊക്കെ മൊബൈലിന്റെ പങ്കിനെ പറ്റി പിന്നീടൊരിക്കലാകാം..

* നമുക്ക് എന്ത് ചെയ്യാനാകും.*

ഈ ഉണ്ടായേക്കുമെന്ന് പറയപ്പെടുന്ന അപകടങ്ങൾ  പുഴക്കപ്പുറം കെട്ടിയിട്ട പട്ടിയെ കണ്ട് തുടല് പൊട്ടീം പോയ് പുഴ വറ്റീം പോയീച്ചാ കടി ഉറപ്പാണെന്ന് പറയുന്നത്ര ലാഘവത്തിൽ കാണാതെ അർഹിക്കുന്ന ഗൗരവത്തിൽ കാണുന്നതാണ് അഭികാമ്യം. മൊബൈൽ ഇനി ഉപേക്ഷിച്ച് പഴമയിലേക്ക് മടങ്ങാനൊന്നും മനുഷ്യന് കഴിയില്ല. തന്നെയുമല്ല മര്യാദയ്ക്ക് ഉപയോഗിച്ചാൽ അത് കൊണ്ടുള്ള ഗുണങ്ങൾ ദോഷത്തിന്റെ പതിന്മടങ്ങാണ് താനും. ന്യായമായി ചെയ്യാവുന്ന മുൻകരുതലുകൾ..

1. ശരിയായ ഉപകരണം -

പ്രസരിക്കപ്പെടുന്ന ഊർജം മനുഷ്യ ശരീരം വലിച്ചെടുക്കുന്ന തോതാണ് SAR (specific absorption rate) നിശ്ചിത ആഗിരണ തോത് 1.6 watt / Kgൽ താഴെയുള്ള ഉപകരണങ്ങൾ മാത്രമേ ടെലികോം നിയമപ്രകാരം ഇന്ത്യയിൽ അനുവദിച്ചിട്ടുള്ളൂ. ഒട്ടു മിക്ക വികസിത രാജ്യങ്ങളുമായ് താരതമ്യം ചെയ്യുമ്പോൾ ഈ സമീപനം വളരെ കർക്കശമാണ്‌ എന്നത് നല്ലതാണ്.

2. ഉപയോഗിക്കുന്ന രീതി -

മൊബൈൽ ഫോണിനെ തലയിൽ നിന്നും ശരീരത്തിൽ നിന്നും  ദൂരെയാക്കുന്ന hands free, ഇയർഫോൺ സങ്കേതങ്ങൾ തലയോട് ചേർത്ത് സംസാരിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോൾ റേഡിയേഷനോടുള്ള എക്സ്പോഷർ കുറയ്ക്കാൻ സഹായിക്കും.  അത്യാവശ്യത്തിന് മാത്രം വിളിക്കുകയും അല്ലാത്തപ്പോൾ ടെക്സ്റ്റ് മെസേജ് അയക്കുകയും ചെയ്യുക .നല്ല സിഗ്നൽ റിസപ്ഷൻ ഉള്ളിടത്ത് മാത്രം ഉപയോഗിക്കുക എന്നതും ഗുണകരണമാണ്.

3. ഉപയോഗിക്കുന്ന സമയം -

 ചെവിയോടൊട്ടിയ ആറാമിന്ദ്രിയം പോലെ ഊണിലും ഉറക്കത്തിലും കക്കൂസിലും കാറിലും ഫോൺ ഉപയോഗിക്കാതെ ആവശ്യത്തിനുപയോഗിക്കുക. തുടർച്ചയായി ആരോഗ്യത്തിന് ഹാനികരമാകാതെ ഫോണിൽ സംസാരിക്കാവുന്ന സമയ പരിധിയൊന്നും കണ്ടെത്തിയിട്ടില്ല. മൂന്നു മിനിറ്റെന്നും പത്തൊമ്പത് മിനിറ്റെന്നുമൊക്കെ പറയുന്നതിന് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല.. പക്ഷേ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക എന്നത് ബുദ്ധിപരമായ നീക്കം തന്നെ

4. നിയന്ത്രണം .-
കുട്ടികളിൽ മൊബൈൽ ഉപയോഗം പരമാവധി കുറയ്ക്കുക. ചെറുപ്പത്തിലെ എക്‌സ്പോഷർ തുടങ്ങിയാലുള്ള ദീർഘകാല ശാരീരികപ്രശ്നങ്ങൾ ക്കൊപ്പം സ്വഭാവരൂപീകരണം  പോലുള്ള മാനസിക ഘടകങ്ങൾ ഇവിടെ പ്രധാനമാണ്
.
5. വിളിച്ചു വിളിച്ചു പോവണ്ട. - ഡ്രൈവിങ്ങിനിടയിലെ മൊബൈൽ ഉപയോഗം എത്ര അപകടകരമാണ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. വിദേശ രാജ്യങ്ങളിലെ പഠനങ്ങളിൽ അഞ്ചിലൊന്ന് അപകടങ്ങൾ വരെ മൊബൈലുപയോഗിച്ച് വാഹനമോടിക്കുന്നതാണ് എന്നതാണ് കാരണമായി കണ്ടെത്തിയത്.  ഫോൺ എടുക്കാതെ സ്പീക്കർ വഴി മറുപടി പറയുന്നത് അപകടം സാധ്യത കുറയ്ക്കുന്നില്ല.  വണ്ടിയോടിച്ച്  യാത്രാ വിവരണവുമായി ഫെയ്സ് ബുക്ക് ലൈവ് പോകുന്നവൻ വലിയ താമസമില്ലാതെ ഡെഡ്  ആകാൻ സാധ്യതയേറെയാണ്

Comments

Popular posts from this blog

"മൃതസഞ്ജീവനി, ശിവമൂലി, അയ്യപ്പാന, അയ്യപ്പന, ചുവന്ന കയോന്നി"

പേടി വേണ്ട, പാമ്പിനെ അറിയാം

യൂറിനറി ഇന്‍ഫക്ഷന്‍ , ലക്ഷണങ്ങള്‍ പ്രതിവിധികള്‍